മിന്‍ഹാ ഹലക്ക്‌നാക്കുംവഫീഹാനുഹീദുക്കുംവമിന്‍ഹാ നുഖ്‌രിജുക്കുംദാറത്തന്‍ ഉഖ്‌റാ...
(മണ്ണില്‍നിന്ന് നാം നിങ്ങളെ സൃഷ്ടിച്ചു. മണ്ണിലേക്കുതന്നെ നാം നിങ്ങളെ മടക്കി. മണ്ണില്‍നിന്നുതന്നെ നിങ്ങളെ നാം പുനര്‍ജനിപ്പിക്കുകയും ചെയ്യും)ഇമാമിന്റെ വചനങ്ങള്‍ ആയിരങ്ങളുടെ കണ്ഠങ്ങള്‍ ഏറ്റുചൊല്ലുമ്പോള്‍ പാണക്കാട് ജുമാമസ്ജിദിലെ ഖബര്‍സ്ഥാനിലേക്ക് ശിഹാബ്തങ്ങള്‍ യാത്ര തുടങ്ങിയിരുന്നു. ളുഹറിനും അസറിനുമിടയിലെ മധ്യാഹ്നത്തില്‍ കത്തുന്ന സൂര്യനെ സാക്ഷിയാക്കി മുസ്‌ലിം സമുദായത്തിന്റെ പൂനിലാവ് ആറടി മണ്ണിന്റെ അവകാശിയായി. 'ലാ ഇലാഹ ഇല്ലള്ളാ' എന്ന ദൈവസൂക്തങ്ങളാല്‍ മുഖരിതമായ ഖബറിടത്തില്‍ ഒരുപിടി മണ്ണിടാന്‍ ആയിരങ്ങളുടെ തിക്കും തിരക്കും. നാനൂറിലധികം മഹല്ലുകളുടെ ഖാസിയായിരുന്ന ശിഹാബ്തങ്ങള്‍ ഇനി ജ്വലിക്കുന്ന ഓര്‍മമാത്രം.പ്രഖ്യാപിച്ചതിലും നേരത്തെ തങ്ങളുടെ മയ്യിത്ത് പള്ളിയിലേക്കെടുത്തപ്പോള്‍ സൂചികുത്താനിടമില്ലാത്തവിധം പള്ളിയും പരിസരവും ജനനിബിഡമായിരുന്നു. നമസ്‌കാരത്തിന് എല്ലാവര്‍ക്കും സൗകര്യം ചെയ്തുകൊടുക്കണമെന്ന ഇമാമിന്റെ മൈക്കിലൂടെ ആവര്‍ത്തിച്ചുള്ള അനൗണ്‍സ്‌മെന്റ് ദിഖ്‌റുകളുടെ സാഗരത്തില്‍ അലിഞ്ഞുപോയി. പോലീസ് വലയംഭേദിച്ച് പള്ളിയിലേക്ക് കയറാന്‍ നൂറുകണക്കിനാളുകള്‍ അപ്പോഴും തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. പള്ളിയുടെ മൂന്ന് നിലകളും നിറഞ്ഞുകവിഞ്ഞ് ടെറസിലേക്കും നീണ്ട ജനസഞ്ചയത്തെ സാക്ഷിയാക്കി ഇമാം തക്ബീര്‍ ചൊല്ലി കൈകെട്ടുമ്പോള്‍ സമയം 2.34. 'അള്ളാഹു അക്ബര്‍' എന്ന തക്ബീറുകളാല്‍ മുഖരിതമായ കുറേ നിമിഷങ്ങള്‍. നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ ഹംസബാഫഖി തങ്ങള്‍ സലാം വീട്ടിക്കഴിഞ്ഞപ്പോഴും നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ നൂറുകണക്കിനാളുകള്‍ പുറത്തുനില്‍പ്പുണ്ടായിരുന്നു. അവര്‍ക്കുവേണ്ടി വീണ്ടുമൊരു നമസ്‌കാരം. ഔദ്യോഗിക ബഹുമതികളുമായി കാത്തുനിന്നിരുന്ന പോലീസ്‌സേനയുടെ മുന്നിലേക്ക് മൃതദേഹം എത്തിക്കാന്‍ നന്നേ പണിപ്പെടേണ്ടിവന്നു. ബഹുമതി ചാര്‍ത്തി ഔദ്യോഗിക ഗാനാലാപനത്തിനുശേഷം ആകാശത്തേക്ക് മൂന്ന് റൗണ്ട് വെടി.... എല്ലാം കഴിഞ്ഞ് മയ്യിത്ത് ഖബറിലേക്കെടുമ്പോള്‍ സമയം മൂന്നുമണി കഴിഞ്ഞിരുന്നു.ഹൈദരലി ശിഹാബ്തങ്ങള്‍ ഖബറിലേക്ക് ആദ്യപിടി മണ്ണിട്ടതിനു പിന്നാലെ മണ്ണിന്റെ മഴയായിരുന്നു. പ്രിയപ്പെട്ട നേതാവിന്റെ ഖബറില്‍ ഒരുപിടി മണ്ണിട്ട് വണങ്ങാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പിതാവ് പൂക്കോയതങ്ങള്‍, സഹോദരന്‍ ഉമറലി ശിഹാബ് തങ്ങള്‍, ഭാര്യ ഷരീഫ ഫാത്തിമബീവി എന്നിവരുടെ ഖബറിടത്തിനരികെ ശിഹാബ് തങ്ങള്‍ക്കും അന്ത്യവിശ്രമം.കേന്ദ്രമന്ത്രിമാരായ ഗുലാംനബി ആസാദ്, ഇ. അഹമ്മദ്, മന്ത്രി പ്രേമചന്ദ്രന്‍, സ്പീക്കര്‍ രാധാകൃഷ്ണന്‍, ഉമ്മന്‍ചാണ്ടി, എം.വി. രാഘവന്‍, കെ.എം. മാണി..... പ്രമുഖരുടെ നിര എല്ലാംകണ്ട് പ്രാര്‍ഥനാപൂര്‍വം നിന്നു. ലീഗിന്റെ എം.പിമാരും എം.എല്‍.എമാരും നേതാക്കളും അണികളും ഒരേസ്വരത്തില്‍ ദിഖ്‌റുകള്‍ ഉരുവിട്ടുകൊണ്ടിരുന്നു. അപ്പോഴും ഖബറിടത്തിലേക്ക് അടുക്കാന്‍ കഴിയാതെ, ഒരുപിടി മണ്ണിടാന്‍ കഴിയാതെ പോലീസ് വലയത്തിനപ്പുറം തിക്കിത്തിരക്കിയ നൂറുകണക്കിനാളുകളുടെ കണ്ണുകള്‍ ഖബറിടത്തിലേക്ക് പ്രാര്‍ഥനാപൂര്‍വം നീളുന്നുണ്ടായിരുന്നു.
മാതൃഭൂമി 3-08-09