അബ്ദുല്‍ റഹിമാന്‍ രണ്ടത്താണി എം .എല്‍ .എ .മാതൃഭൂമിയില്‍ എഴുതിയ ലേഖനം
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്ന ഇന്ത്യന്‍ മുസ്‌ലിങ്ങളെ ആധുനിക വിദ്യാഭ്യാസ രംഗത്തേക്കും ഉന്നത വിദ്യാഭ്യാസരംഗത്തേക്കും കൈപിടിച്ചുയര്‍ത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന മഹത്തായ ലക്ഷ്യം മുന്നില്‍ക്കണ്ടാണ് വിഖ്യാത പണ്ഡിതന്‍ സര്‍ സയ്യിദ് അഹമ്മദ്‌ഖാന്‍ 1875 ല്‍ ഉത്തര്‍പ്രദേശിലെ അലിഗഢില്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ് തുടങ്ങിയത്. 1920 ല്‍ പ്രത്യേക നിയമം വഴി ഇതിനെ ഒരു കേന്ദ്രസര്‍വകലാശാലയായി ഉയര്‍ത്തിയതോടെയാണ് ഇതിന് അലിഗഢ് മുസ്‌ലിംസര്‍വകലാശാല എന്ന പേരു കിട്ടിയത്. ദേശീയ പ്രാധാന്യമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു സര്‍വകലാശാല കൂടിയാണിത്. രാജ്യത്തെ സര്‍വകലാശാലകളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ സര്‍വകലാശാല ഇന്ത്യന്‍ ദേശീയതയുടെയും മതസൗഹാര്‍ദത്തിന്റെയും ഒരു മികച്ച നിദര്‍ശനം കൂടിയാണ്. ആഫ്രിക്ക, പശ്ചിമേഷ്യ, ദക്ഷിണപൂര്‍വേഷ്യ തുടങ്ങി ലോകത്തിന്റെ മിക്കരാജ്യങ്ങളില്‍ നിന്നും വിവിധ ജാതിയിലും മതത്തിലുംപെട്ട വിദ്യാര്‍ഥികള്‍ അവിടെ പഠനത്തിനായി എത്തുന്നു. മുസ്‌ലിങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ വികാസംതന്നെയാണ് ഇന്നും ഈ സര്‍വകലാശാലയുടെ പരമപ്രധാനമായ ലക്ഷ്യങ്ങളിലൊന്ന്. ഈ ലക്ഷ്യം മുന്നില്‍കണ്ടുകൊണ്ടാണ് സച്ചാര്‍ കമ്മിറ്റിയുടെ കൂടി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ തിങ്ങിത്താമസിക്കുന്ന അഞ്ച് പ്രധാനകേന്ദ്രങ്ങളില്‍ യൂനിവേഴ്‌സിറ്റി ആക്ടിന്റെ 12 (2) സെക്ഷന്‍ പ്രകാരം വിസിറ്ററായ ഇന്ത്യന്‍ പ്രസിഡന്റിന്റെ അനുമതിയോടു കൂടി ഓഫ് കാമ്പസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. മധ്യപ്രദേശിലെ ഭോപ്പാല്‍, ബിഹാറിലെ കത്തിഹാര്‍, പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ്, മഹാരാഷ്ട്രയിലെ പുണെ, കേരളത്തിലെ മലപ്പുറം എന്നിവിടങ്ങളിലാണ് ഇതുപ്രകാരം ഓഫ് കാമ്പസ് സ്ഥാപിക്കാന്‍ 2007 ഡിസംബര്‍ 2ന് ചേര്‍ന്ന അലിഗഢ് കോര്‍ട്ട് ചര്‍ച്ച ചെയ്‌ത് തീരുമാനിച്ചത്. ഈ തീരുമാനം 2008 ജനവരി 17 ന് ചേര്‍ന്ന സര്‍വകലാശാലാ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ശരിവെക്കുകയും ചെയ്‌തു. അതിന്റെ അടിസ്ഥാനത്തില്‍ ഓരോ സെന്ററിനും അടിസ്ഥാനസൗകര്യ വികസനത്തിനായി 400 കോടി രൂപ എന്ന തോതില്‍ 2000 കോടിരൂപയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി. സര്‍വകലാശാലയും കേന്ദ്രസര്‍ക്കാറും എത്രയും വേഗം കാമ്പസ് യാഥാര്‍ഥ്യമാക്കാന്‍ തീവ്രയത്‌നം തന്നെ നടത്തുമ്പോള്‍ ഇവിടെ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ ലാഭനഷ്‌ടങ്ങളുടെ കണക്കുകൂട്ടി തികഞ്ഞ ഉദാസീനത തുടരുകയാണ്. ഇതുസംബന്ധമായി ജനതാദള്‍ സംസ്ഥാന സെക്രട്ടറി ജനറല്‍ കൃഷ്‌ണന്‍കുട്ടിയുടെ വെളിപ്പെടുത്തലുകള്‍ ചില പച്ചയായ യാഥാര്‍ഥ്യങ്ങളെ വെളിച്ചത്തുകൊണ്ടുവന്നിരിക്കയാണ്. പട്ടിക്കാട് ജാമിയ നൂരിയ്യ കോളേജിന്റെ വാര്‍ഷികച്ചടങ്ങിന്റെ വേദിയില്‍ വെച്ച് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ സാക്ഷിയാക്കിയാണ് അന്നത്തെ കേന്ദ്രമന്ത്രി ഫാത്വിമി അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ ഒരു ഓഫ് കാമ്പസ് മലപ്പുറത്ത് സ്ഥാപിക്കുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. നിര്‍ദിഷ്‌ട ഓഫ് കാമ്പസ് പാണക്കാട്ട് സ്ഥാപിച്ചാല്‍ അത് മുസ്‌ലിം ലീഗിന്റെ അപ്രമാദിത്വത്തിന് വഴിയൊരുക്കുമെന്ന് ഇതു ചര്‍ച്ച ചെയ്‌ത ഇടതുമുന്നണി യോഗത്തിലൊക്കെ പിണറായി വിജയന്‍ ആവര്‍ത്തിച്ചതുകൊണ്ടാണ് സര്‍ക്കാറിന്റെ മുന്‍ നിലപാടില്‍നിന്നവര്‍ക്ക് പിറകോട്ട് പോകേണ്ടിവന്നത് എന്നാണ് കൃഷ്‌ണന്‍കുട്ടി പറഞ്ഞത്. നിയമസഭയ്‌ക്കകത്തും പുറത്തും മന്ത്രിമാര്‍ ഇതു സംബന്ധമായി നടത്തിയ വ്യത്യസ്‌തമായ പ്രസ്‌താവനകള്‍ അദ്ദേഹത്തിന്റെ വാദം ശരിവെക്കുന്നതാണ്. ഒരു നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ സര്‍ക്കാറില്‍നിന്ന് ഇതുവരെ രേഖാമൂലം ലഭിച്ച നിയമസഭാ മറുപടികള്‍ മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം പകല്‍വെളിച്ചംപോലെ വ്യക്തമാകുകയും ചെയ്യും. ഇതുസംബന്ധമായി 26.06.08 ന് എട്ടാം നിയമസഭാ സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രിയില്‍നിന്ന് 799-ാം നമ്പര്‍ ചോദ്യത്തിനുള്ള മറുപടിയില്‍ ''ഏറനാട് താലൂക്കിലെ പാണക്കാട് വില്ലേജിലെ 257 ഏക്കര്‍ ഭൂമിയില്‍നിന്ന് വ്യവസായ യൂണിറ്റുകള്‍ക്കനുവദിച്ച 33 ഏക്കര്‍ ഭൂമി കഴിച്ച് ശേഷിച്ച 224 ഏക്കര്‍ ഭൂമിയില്‍നിന്നും ഐ.ടി. പാര്‍ക്കിനും അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിക്കും പഠനകേന്ദ്രം തുടങ്ങാനുള്ള ഭൂമി എന്ന നിലയില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ 08.05.08 ന് റവന്യൂ വകുപ്പിനെ അറിയിച്ചിട്ടുണ്ട്'' എന്നാണ് പറഞ്ഞിരിക്കുന്നത്. തികച്ചും ആശാവഹമായ ഒരു മറുപടി ആയാണ് ഇതിനെ കണ്ടത്. തുടര്‍ന്ന് തൊട്ടടുത്ത നിയമസഭാ സമ്മേളനത്തില്‍ 25.11.08 ന് വിദ്യാഭ്യാസ മന്ത്രിയില്‍നിന്ന് 419-ാം നമ്പര്‍ ചോദ്യത്തിന് ലഭിച്ച മറുപടി കൂടുതല്‍ പ്രതീക്ഷയ്‌ക്ക് വഴിനല്‌കുന്നതായിരുന്നു. അതായത് ''അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ഓഫ് കാമ്പസ് സെന്റര്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ സ്ഥലം ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുകയുണ്ടായി. ആകെ 251 ഏക്കര്‍ ഉള്ള പ്രസ്‌തുത സ്ഥലം വ്യവസായ വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലാണ്. കോഴിക്കോട് നഗരം, വിമാനത്താവളം, മലപ്പുറം ജില്ലാ ആസ്ഥാനം, വൈദ്യുതി, വെള്ളം എന്നിവയുടെ ലഭ്യതയും കാരണം പ്രസ്‌തുത സ്ഥലം അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ ഓഫ് കാമ്പസ് സ്ഥാപിക്കാന്‍ അനുയോജ്യമാണെന്നതിനാല്‍ സ്ഥലപരിശോധനയ്‌ക്കാവശ്യമായ നടപടി സ്വീകരിക്കാന്‍ അലിഗഢ് മുസ്‌ലിം സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചിട്ടുണ്ട്'' എന്നായിരുന്നു മറുപടി. ഇതിനു പുറമെ റവന്യൂ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖന്മാരും അടങ്ങുന്ന ഒരു സംഘം പ്രസ്‌തുത സ്ഥലം സന്ദര്‍ശിച്ച് സംതൃപ്‌തി രേഖപ്പെടുത്തുകയും ചെയ്‌തു. ജില്ലാ ആസ്ഥാനത്തിനു തിലകക്കുറിയായി പാണക്കാട്ടെ ഭൂമിയില്‍ ഈ മഹത്തായ സ്ഥാപനം ഉയര്‍ന്നുവരുന്നത് മലപ്പുറത്തുകാര്‍ സ്വപ്‌നം കണ്ടു. എന്നാല്‍ പിന്നീടുണ്ടായ സര്‍ക്കാറിന്റെ അപ്രതീക്ഷിതമായ നയംമാറ്റം കാര്യങ്ങള്‍ തകിടം മറിക്കുന്നതായിരുന്നു. പാണക്കാട്ടെ ഭൂമി വിട്ടുനല്‌കാനാവില്ലെന്ന് സര്‍ക്കാറും ഓഫ് കാമ്പസ് അനുവദിച്ച നടപടിക്രമം ശരിയല്ലെന്ന് അന്നത്തെ സ്ഥലം എം.പി.യും പ്രസ്‌താവിച്ചതോടെ സര്‍ക്കാറിന്റെ ദുരുദ്ദേശ്യം തിരിച്ചറിഞ്ഞ മുസ്‌ലിം ലീഗടക്കമുള്ള ബഹുജനപ്രസ്ഥാനങ്ങള്‍ ഓഫ് കാമ്പസ് നഷ്‌ടപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നേരിട്ട് സമരമുഖത്ത് വന്നു. ജനങ്ങളില്‍ ഉയര്‍ന്ന കടുത്ത ആശങ്കകള്‍ അകറ്റാനും സംശയദുരീകരണത്തിനുമായി പത്താം നിയമസഭാ സമ്മേളനത്തില്‍ 25.02.09ന് ഇതുസംബന്ധമായി 1202-ാം നമ്പര്‍ ചോദ്യത്തിന് റവന്യൂവകുപ്പ് മന്ത്രി കെ.പി.രാജേന്ദ്രന്‍ രേഖാമൂലം തന്ന മറുപടിയില്‍ ''20.01.09 ലെ മന്ത്രിസഭാ യോഗ തീരുമാനമനുസരിച്ച് 27.01.09 ലെ ജി.ഒ. (എം.എസ്.), നമ്പര്‍ 21/09 ഉത്തരവ് പ്രകാരം അലിഗഢ് ഓഫ് കാമ്പസ് സ്ഥാപിക്കാന്‍ പെരിന്തല്‍മണ്ണയിലെ ചേലാമലയില്‍ സ്ഥലം അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്'' എന്നാണ് വ്യക്തമാക്കിയത്. സര്‍ക്കാറിന്റെ ഈ നിലപാടുമാറ്റത്തിന് കാരണമായത് പിണറായിയുടെ ശക്തമായ നിലപാടും അതിന് ഇടതുമുന്നണി നല്‍കിയ അംഗീകാരവുമാണെന്ന് ഇപ്പോള്‍ കൃഷ്‌ണന്‍കുട്ടിയുടെ പ്രസ്‌താവനയിലൂടെ കൂടുതല്‍ വ്യക്തമായി. പാണക്കാട്ടെ ഭൂമി അനുയോജ്യമല്ലാത്തതിന് സര്‍ക്കാര്‍ ഉയര്‍ത്തിയ വാദഗതികള്‍ എല്ലാംതന്നെ തികച്ചും നിരര്‍ഥകമായിരുന്നെന്ന് പിന്നീട് സര്‍ക്കാര്‍ ഇതുസംബന്ധമായി സഭയില്‍ തന്ന മറുപടികളില്‍നിന്നും കൂടുതല്‍ വ്യക്തമായി. ഉദാഹരണമായി 18.02.09 ലെ 423-ാം നമ്പര്‍ ചോദ്യത്തിനുള്ള മറുപടിയായി വിദ്യാഭ്യാസമന്ത്രി എം.എ.ബേബി ''കെ.എസ്.ഡി.സി.യുടെ ഉടമസ്ഥതയിലുള്ള പാണക്കാട്ടെ സ്ഥലം 'ഇന്‍കെല്‍' എന്ന സ്ഥാപനത്തിന് നല്‍കാന്‍ വ്യവസായവകുപ്പ് തീരുമാനിച്ചതുകൊണ്ടാണ് പുതിയ സ്ഥലം ഏറ്റെടുക്കേണ്ടിവന്നത്'' എന്നാണ് പറഞ്ഞത്. എന്നാല്‍ 19.02.09 ല്‍ 780-ാം നമ്പര്‍ ചോദ്യത്തിനുള്ള മറുപടിയായി വ്യവസായമന്ത്രി എളമരം കരീം പറഞ്ഞത് ''ഇന്‍കെലിന് ഭൂമി കൈമാറിയിട്ടില്ല'' എന്നാണ്. ''കെ.എസ്.ഐ.ഡി.സി.യും ഇന്‍കെലും ചേര്‍ന്ന് ഒരു സംയുക്ത സംരംഭം ആരംഭിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഈ പദ്ധതിക്കായി ഇന്ത്യാ ഗവണ്‍മെന്റിന്റെ ധനസഹായം ലഭ്യമായിട്ടുണ്ടെന്നും'' കരിം തുടര്‍ന്നു പറഞ്ഞു. മന്ത്രിമാര്‍ ഓരോരുത്തരും നല്‍കുന്ന പരസ്‌പര വിരുദ്ധമായ മറുപടികള്‍ സര്‍ക്കാറിന്റെ ഇക്കാര്യത്തിലെ ഒളിച്ചുകളി വ്യക്തമാക്കുന്നതാണ്. ഇത് ചൂണ്ടിക്കാണിച്ച് സമരംചെയ്‌തവരെ പരിഹസിക്കാനാണ് സര്‍ക്കാര്‍ മുതിര്‍ന്നത്. ചേലാമലയിലെ ഭൂമിയില്‍ മിച്ചഭൂമി കേസ് നിലവിലുണ്ടെന്ന സമരക്കാരുടെ വാദത്തെ ആദ്യം എതിര്‍ത്ത സര്‍ക്കാര്‍ പിന്നീട് സമ്മതിച്ചു. നിയമസഭയില്‍ 25.02.09 ന് തന്ന മറുപടിയില്‍ ''മിച്ചഭൂമി കേസ് നിലവിലുണ്ടെന്നും ഇതില്‍ ഹൈക്കോടതി സ്റ്റേ അനുവദിച്ചിട്ടുണ്ടെന്നും'' മന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു. പാണക്കാട് ഓഫ് കാമ്പസ് അനുവദിക്കപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ വാദഗതികളും ചീട്ടുകൊട്ടാരം കണക്കെ ഒന്നിനു പിറകെ മറ്റൊന്നായി തകര്‍ന്നുവീഴുന്നതാണ് ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ 24.6.09 ന് 713-ാം നമ്പര്‍ ചോദ്യത്തിന് വ്യവസായമന്ത്രി എളമരം കരീം നല്‍കിയ മറുപടിയിലൂടെ കാണാന്‍ കഴിഞ്ഞത്. കെ.എസ്.ഐ.ഡി.സി.യും ഇന്‍കെല്ലും ചേര്‍ന്ന് പാണക്കാട്ടെ ഭൂമിയില്‍ ആരംഭിക്കുന്ന സംയുക്ത സംരംഭത്തിന് കേന്ദ്രസഹായം ലഭ്യമായിട്ടില്ലെന്നും ഭൂമി ഇന്‍കെലിന് കൈമാറിയിട്ടില്ലെന്നും സമ്മതപത്രം തയ്യാറാക്കിവരുന്നതേയുള്ളൂ, അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാകുന്ന ടെക്‌നിക്കല്‍ എജുക്കേഷന്‍ഹബും പത്തുവര്‍ഷംകൊണ്ട് പൂര്‍ത്തിയാകുന്ന മള്‍ട്ടി സര്‍വീസസ് പാര്‍ക്കുമാണ് അവിടെ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്നുമാണ് വ്യവസായമന്ത്രി പറഞ്ഞത്. പൊതുമേഖലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് നല്‍കാതെ സ്വാശ്രയ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കുന്നതിന്റെ അനൗചിത്യത്തെ നിയമസഭയില്‍ ചോദ്യം ചെയ്‌തപ്പോള്‍ നിരന്ന സ്ഥലത്തൊക്കെ സര്‍വകലാശാല സ്ഥാപിക്കലാണോ ലീഗുകാരുടെ ജോലി എന്ന മറുചോദ്യമാണ് മന്ത്രിയില്‍ നിന്നുണ്ടായത്. ഇപ്പോള്‍ നിലവില്‍ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലുള്ള നൂറോളം ഡിപ്പാര്‍ട്ടുമെന്റുകളും എന്‍ജിനിയറിങ് കോളേജ്, മെഡിക്കല്‍ കോളേജ്, ലോ സ്‌കൂള്‍, ബിസിനസ് സ്‌കൂള്‍, പോളിടെക്‌നിക്കുകള്‍ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളും ഭാവിയില്‍ ഓഫ്‌സെന്ററുകള്‍ക്ക് കൂടി കരഗതമാകുന്ന രീതിയിലാണ് സര്‍വകലാശാല ഭാവി പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 32,000 ഓളം വിദ്യാര്‍ഥികളും 1500 ഓളം അധ്യാപകരും ആറായിരത്തോളം നോണ്‍ ടീച്ചിങ് സ്റ്റാഫുമുള്ള അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ മറ്റൊരു തനിപ്പകര്‍പ്പായി മലപ്പുറത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഓഫ് കാമ്പസും ഭാവിയില്‍ രൂപാന്തരപ്പെടും. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.പി.എ. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ കേരള സര്‍ക്കാറിന്റെ ഈ ഒളിച്ചുകളിയും ഉദാസീനതയും ഒന്നുകൊണ്ടുമാത്രം ഈ സ്ഥാപനം എന്നെന്നത്തേക്കുമായി മലപ്പുറത്തിന് നഷ്‌ടപ്പെടുമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ 25 കോടി രൂപ ഇതിനായി നീക്കിവെച്ചുകൊണ്ട് അവരുടെ പ്രതിബദ്ധത തെളിയിച്ചപ്പോള്‍ വെട്ടില്‍ വീണിരിക്കുന്നത് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാറാണ്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളില്‍ നിന്ന് കനത്ത തിരിച്ചടി ഏല്‍ക്കേണ്ടിവന്ന സി.പി.എം. ഇനിയും ഇക്കാര്യത്തില്‍ ക്രിയാത്മകമായി എന്തെങ്കിലും ചെയ്‌തില്ലെങ്കില്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുമെന്ന് സര്‍ക്കാറിന് ബോധ്യമായിരിക്കുന്നു. പെരിന്തല്‍മണ്ണ ചേലാമലയിലെ ഭൂമി അടിയന്തര പ്രാധാന്യത്തോടെ ഏറ്റെടുത്ത് നല്‍കാനാവില്ലെന്ന് സര്‍ക്കാറിന് ഉത്തമബോധ്യമുണ്ടെങ്കില്‍ ഒരു മന്ത്രിസഭാ തീരുമാനം വഴി ഇപ്പോഴും സാധ്യമാകാവുന്ന പാണക്കാട്ടെ ഭൂമിതന്നെ ദുരഭിമാനം വെടിഞ്ഞ് അലിഗഢ് ഓഫ് കാമ്പസിനുവേണ്ടി വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.